ഈ പണ്ടാരക്കാലി ആരെയാണവോ കെട്ടിയത് ...? ഫേസ്ബുക്ക് എന്ന ഈ സംഭവത്തില്‍ ഒരു ഐ ഡി ഉണ്ടാക്കിയ അന്ന് മുതല്‍ തപ്പുനതാ ഇവളെ.. ആണുങ്ങളെ പെട്ടന്ന് കണ്ടു പിടിക്കാം . അവന്റെ പേര് ശശി പുഷ്കരന് എന്നാണെങ്കില്‍ ഫേസ് ബുക്കിലും അങ്ങനെ തന്നെയേ കാണു.. അല്ലാതെ ശശി സുമയെ കെട്ടിയാല്‍ ശശി സുമ എന്നാകിലല്ലോ.. പക്ഷെ ഈ സിനി ജേക്കബ്.. അവള് ആരെയാണ് ആവോ കെട്ടിയത്..???
ബൈ ദി ബൈ സിനി ജേക്കബ് നെ introduce ചെയ്തില്ല അല്ലെ..? എന്റെ ആദ്യ പ്രണയം... ഞാന്‍ എട്ടിലും അവള് ഏഴിലും പഠിക്കുന്ന കാലം.. ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചിട്ടില്ല. അവള് അടുത്ത് വന്നാല്‍ ഞാന്‍ അകലെ നോക്കി പോകും. അകലെ വച്ച് കണ്ടാല്‍ ഞാന്‍ ചിരിക്കും.. അവളും.. തലയില്‍ ഒരു പച്ച കളര്‍ ഹെയര്‍ ബാന്‍ഡ് ഇട്ടു എന്നും വരുന്ന ഒരു അതി സുന്ദരി.. സ്കൂളിലെ വലിയ ഡാന്‍സ് കാരിയാണ്. എല്ലാ കൊല്ലവും സ്കൂളിന് ഒരു പാട് ട്രോഫി കൊണ്ട് വരുന്നവള്‍..സെന്റര്‍ ഓഫ് attraction എന്നൊക്കെ പറയാം.. ഞാന്‍ അവളെ കല്യാണം കഴിക്കുനത് ഒരു പാട് സ്വപ്നം കണ്ടു. (ആ സ്വപ്നത്തില്‍ എല്ലാം ഞാന്‍ കറുത്ത നിക്കറും വെള്ള ഷര്‍ട്ടും ആയിരുന്നു ഇട്ടിരുനത്. അവള് ബ്രൌണ്‍ കളര്‍ പാവാടയും, വെള്ള ടോപും) എനിക്കറിയില്ലായിരുന്നു അവള്‍ക്കു എന്നെ ഇഷ്ടമാണെന്ന്. ചോദിക്കാന്‍ ധൈര്യം ഇല്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി
ഒരിക്കല്‍ ഞാന്‍ പതിനഞ്ചു പൈസക്ക് വാങ്ങിയ ഒരു പ്യാരി മിട്ടായി (ഞാന്‍ ഉദേശിച്ച da വരുന്നില്ല) അവള് കാണ്‍കെ സ്കൂളിന്റെ മതിലില്‍ വച്ച് അവളെ കൈ കൊണ്ട് അത് ചൂണ്ടി കാണിച്ചു മാറി നിന്നു. അവള് അത് എടുത്താല്‍ അവള്‍ക്കു എന്നെ ഇഷ്ടം. അവള് പതുക്കെ അതിന്റെ അടുത്ത് വന്നു. ചുറ്റുപാടും നോക്കി. എന്റെ ഹൃദയം പട പട എന്ന് ഇടിക്കാന്‍ തുടങ്ങി.ഇല്ല.. അവള് ഒരിക്കലും അത് എടുക്കില്ല. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു അവള് പെട്ടന്ന് അതെടുത്ത് ഒറ്റ ഓട്ടം.. ഓടുമ്പോള്‍ അവള് തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു. എന്റെ സന്തോഷത്തിനു അതിരില്ലയിരുന്നു. ഇനി മിട്ടായി തിന്നാന്‍ കൊതിയയിട്ടു ആണോ അത് അവള് അത് എടുത്തത് എന്ന് ഇടയ്ക്കു എനിക്ക് തോന്നിയെങ്കിലും ഞാന്‍ ഉറപ്പിച്ചു അവള്‍ക്കു എന്നെ വലിയ ഇഷ്ടമാണ്..
അകലെ നിന്നു മാത്രമുള്ള എന്റെ ആദ്യ പ്രണയം ഒരു നാള് പെട്ടന്ന് ഇല്ലാതാകുമെന്ന് ഞാന്‍ കരുതിയില്ല. വല്യ പരീക്ഷ കഴിഞ്ഞു അവള് അവളുടെ അപ്പന്റെ ജീപ്പില്‍ കയറി പോകുമ്പോള്‍ പതിവില്ലാതെ പുറകിലായിരുന്നു ഇരുന്നത്. ഞാന്‍ എന്റെ ഹീറോ ranger സൈക്കിള്‍ എടുത്തു ആദ്യം സ്കൂള്‍ വിട്ടു. അവളുടെ ജീപ്പ് പുറകില്‍ വരുന്ന ശബ്ദം എന്റെ ടെന്‍ഷന്‍ വല്ലാതെ കൂട്ടി. ജീപ്പ് എന്നെയും കടന്നു മുന്‍പോട്ടു പോയപ്പോള്‍ അവള് പതുക്കെ കൈ ഒന്ന് ഉയര്‍ത്തി. ഞാന്‍ ചിരിച്ചു. പക്ഷെ അവള് ചിരിച്ചില്ല. അവള് എന്താണ് ചിരിക്കാത്തത് എന്നാ ചിന്തയായിരുന്നു നീണ്ട രണ്ടു അവധി മാസങ്ങളും എനിക്ക്. സ്കൂള്‍ അവധിയോടു ഏറ്റവും ദേഷ്യം തോന്നിയ രണ്ടു മാസങ്ങള്‍ ആയിരുന്നു എനിക്കത്..
അവധി കഴിഞ്ഞു സ്കൂളില്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം അവളുടെ ക്ലാസ്സ്ന്റെ മുന്പില് കൂടി പല വട്ടം നടന്നു. പക്ഷെ അവളെ മാത്രം കണ്ടില്ല. നാളെ വരും എന്ന് പ്രതീക്ഷിച്ചു. പക്ഷെ അവള് പിന്നീട് ഒരിക്കലും വന്നില്ല. അന്ന് അവള് ചിരിക്കാത്തത്തിന്റെ കാരണം എനിക്ക് മനസ്സിലായി. അന്ന് ആ ജീപ്പിന്റെ പിന്നില്‍ വച്ച് കണ്ടതാണ് എന്റെ അവസാന കാഴ്ച.. ആ മുഖം പക്ഷെ ഇപ്പോളും ഞാന്‍ നല്ലത് പോലെ ഓര്‍ക്കുന്നു..
അന്ന് മുതല്‍ തുടങ്ങിയതാണ് എന്റെ തിരച്ചില്‍. ഇപ്പോള്‍ ഫേസ് ബുക്കും എന്നെ ചതിക്കുന്നു.. അവള് കെട്ടാന്‍ സാധ്യതയുള്ള പേരുകള്‍ എല്ലാം കൊടുത്തു സെര്‍ച്ച് ചെയ്തു നോക്കി. പക്ഷെ ഒരു രക്ഷയുമില്ല. എന്റെ തിരച്ചിലില്‍ അവള് എപ്പോളെങ്കിലും കടന്നു പോയോ എന്നെനിക്കറിയില്ല. ഇനി അവള് വല്ല മിശ്ര വിവാഹവും ചെയ്തു കാണുമോ..?? സിനി സന്തോഷ്, സിനി വിവേക്,സിനി ഷംസു. സിനി മമ്മാലി എന്നൊക്കെ കൊടുത്തു നോക്കി. ഇനി സ്ഥല പേര് വച്ച് നോക്കാമെന്ന് വിചാരിച്ചാല്‍ അവള് ഏതു ദുനിയാവില് ആണെന്ന് ആര്‍ക്കറിയാം... ഞാന്‍ തലയില്‍ കൈ വച്ചു... ഈ സിനി എന്ന് പേരിട്ട അവളുടെ അപ്പന് ജേക്കബിനെ കണ്ടാല്‍ ഒരു കൊട്ടേഷന്‍ കൊടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപിച്ചു. മട്ടാഞ്ചേരിയില്‍ നല്ല സൂപ്പര്‍ പിള്ളേര് ഉണ്ട്. അത് മതി. ലോകത്തു വേറെ എന്തൊക്കെ പേരുണ്ട്.. അവന്റെ അമ്മേടെ സിനി.. ഞാന്‍ പ്രാകി.. (മഞ്ചു,സിന്ധു, മിനി, മായ ഈ പേരുകള്‍ ഉള്ള കാമുകന്മാര്ക്കും എന്റെ അതെ അവസ്ഥ തന്നെ. ഉറപ്പ് )
എന്തുവാ മനുഷ്യാ ഈ ലാപ്ടോപ് ന്റെ മുന്പില് എന്നും കയറി ഇരുന്നു പരിപാടി...??കുറെ നാളായല്ലോ തുടങ്ങീട്ടു... ഞാന്‍ ഇതൊന്നും കാണുന്നില്ല എന്ന് വിചാരിക്കേണ്ട....... എന്റെ ഭാര്യ ആണ്.. സ്ക്രീനില്‍ കുറെ സിനിയെ കണ്ടു അവള് എന്നെ സൂക്ഷിച്ചു നോക്കി. പത്തു മുപത്തെഴു വയസയില്ലേ.. ഇനിയെങ്കിലും ഈ പരിപാടി ഒന്ന് നിര്‍ത്തി കൂടെ..??? എടി അത്... ഞാന്‍ പരുങ്ങി.. ആരെയാ നിങ്ങള്‍ ഇത്ര കാര്യമായി നോക്കുനത്.?? ഇതിനു വ്യക്തമായ എന്തെങ്കിലും ഒരു കാരണം പറയണം.ഇല്ലെങ്കില്‍ മിനിമം ഒരു ആഴ്ച എങ്കിലും എന്റെ പരിപാടികള്‍ അവള് മുടക്കും. ഞാന്‍ ഒരു വിധത്തില്‍ അവളുടെ അടുത്ത് കാര്യം പറഞ്ഞു...
ദേഷ്യത്തോടെ അവള് എന്നെ നോക്കി. എടി ഒന്നുമില്ല... ചുമ്മാ ചെരുപത്തിലെ ഒരു ഭ്രാന്ത്.. അത്രയുമേ ഉള്ളു. അല്ലാതെ പണ്ടെങ്ങാണ്ട് നിക്കറിട്ടു നടന്ന പ്രായത്തില്‍ കണ്ട പെണ്ണിനെയും ഓര്‍ത്തു ഇരിക്കുവല്ലേ ഞാന്‍... ഒന്ന് പോടീ.. എന്താ പെണ്ണിന്റെ പേര്..? ഞാന്‍ പേര് പറഞ്ഞു.
എങ്കില്‍ ഇനി ഞാന്‍ നോക്കാം.... എനിക്ക് എന്റെ ഭാര്യയെ കുറിച്ച് ഓര്‍ത്തു അഭിമാനം തോന്നി. കേട്ടിയോനെ മനസ്സിലാക്കാന്‍ അവള്‍ക്കു എത്ര പെട്ടന്ന് കഴിഞ്ഞു.. ഒരു അര മണിക്കൂര്‍ സെര്‍ച്ച് കഴിഞു അവള് ഒരു ചോദ്യം ചോതിച്ചു. അവളുടെ ക്ലാസ്സില്‍ അന്നുണ്ടായിരുന്ന ഏറ്റവും സുന്ദരന്‍ ആരാ..??? ജിത്തു.... എന്റെ ദൈവമേ.. ഇനി അവന് കെട്ടി കാണുമോ അവളെ..? അവള് സെര്‍ച്ച് ബോക്സില്‍ സിനി ജിത്തു എന്ന് ടൈപ്പ് ചെയ്യുനത് കണ്ടപ്പോള്‍ ഒരു കാര്യവുമില്ലാതെ എനിക്ക് ദേഷ്യം വന്നു.. ഏതായാലുംആ combination ഉള്ള പേരില്ല. ഭാഗ്യം.
കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. നീ അത് വിട്. എവിടെയെങ്കിലും പോട്ടെ പുല്ല്... അവള് വിടുന്ന ലക്ഷണമില്ല.. വീണ്ടും സെര്‍ച്ച് തുടര്‍ന്ന്.. കുറെ കഴിഞ്ഞപ്പോള്‍ അവള് എന്നെ വിളിച്ചു.. ചേട്ടാ........ കിട്ടിയോ..?? ഞാന്‍ ചോദിച്ചു.. കിട്ടിയില്ല. എനിക്ക് വേറെ ഒരു പേര് നോക്കണം.... ആരുടെ..??? എന്റെ കൂടെ ഏഴില്‍ പഠിച്ച ഒരു ചെറുക്കന്റെ...??
ങേ.... ഞാന്‍ ഞെട്ടി.. ഇത്രയും വലിയ ഫേസ് ബുക്കില്‍ അവളുടെ ഏഴില്‍ പഠിച്ച കൂടുകാരനെ കിട്ടിയത് തന്നെ. ഞാന്‍ മനസ്സില്‍ സമാധാനിച്ചു.. എന്തുവാ ആ തെണ്ടിയുടെ പേര്...??? മനോജ് വാസുദേവന്‍....... ഞാന്‍ ടൈപ്പ് ചെയ്തു.... ദാ വരുന്നു ഒരു നൂറു മനോജ്.. ഞാന്‍ ഉള്ളില്‍ സന്തോഷിച്ചു.. ആദ്യം കണ്ട മനോജിനെ കണ്ടു അവളും.. അവള് ഉദേശിച്ച മനോജ് അത് തന്നെയെന്ന് അവളുടെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി..... ഞാന്‍ ഞെട്ടി..
മതി നോക്കിയത്. വന്നു കിടന്നു ഉറങ്ങാന്‍ നോക്ക്.. ഞാന്‍ അലറി. സാധാരണ ഞാന്‍ അലറുമ്പോള്‍ അതിലും വലിയ ഉച്ചത്തില്‍ അവളും അലറും. പക്ഷെ ഇന്ന് ഒരു കുഴപ്പവുമില്ല. ചിരിച്ചു കൊണ്ട് അവള് അടുക്കളിയിലേക്ക് പോയി..... എന്റെ ദൈവമേ... ഇവള് ഇനി എന്റെ കൈ വിട്ടു പോകുമോ...??? ഹേയ് ഇല്ല. രണ്ടു പിള്ളേര് ഉള്ളത് എതോക്കെയായാലും നന്നായി.. ഞാന്‍ സ്വയം സമാധാനിച്ചു... എല്ലാവരും എന്നെ ചതിച്ചു. അവസാനം ഫേസ് ബുക്കും. കൊടും ചതി...
(നോട്ട്: സ്ത്രീകള്‍ ദയവായി ഫേസ് ബുക്കില്‍ അവരുടെ സ്കൂള്‍ പേര് കൊടുത്താല്‍ പഴയ കാമുകന്മാര്ക്ക് അത് ഒരു വലിയ ആശ്വാസം ആയിരിക്കും)